സികെ വിനീതിന്റെ പിരിച്ചുവിടൽ: കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി
വിനീതിനെ പിരിച്ചുവിട്ടതിൽ കായിക മന്ത്രാലയം റിപ്പോർട്ട് തേടി
രാജ്യാന്തര ഫുട്ബോള്‍ താരം സികെ വിനീതിനെ ഏജീസ് ഓഫിസില്‍നിന്നു പിരിച്ചുവിട്ടതില്‍ കേന്ദ്ര കായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരത്തെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി എടുക്കുമെന്നും കായികമന്ത്രി വിജയ് ഗോയല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
വിനീത് മികച്ച കളിക്കാരനാണെന്നു പറഞ്ഞ കേന്ദ്ര കായികമന്ത്രി, കേന്ദ്രസര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പമാണെന്നു വ്യക്തമാക്കി. സിഎജിയില്‍നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍നടപടി. കായിക താരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.
മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് വിനീതിനെ ഏജീസ് ഓഫിസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവര്‍ സിഎജി ശശികാന്ത് ശര്‍മക്ക് കത്തയച്ചെങ്കിലും പിരിച്ചുവിടൽ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.