ഡിപ്ലോമാറ്റിക് ബാഗിൽ ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മുൻ നിലപാടുകളോടുള്ള പകയാണ് ആക്ഷേപങ്ങൾക്ക് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചുകൊണ്ട് നേരത്തെ ഉണ്ടായിരുന്ന പ്രസ്ഥാനത്തിൽ നിന്നും എൽഡിഎഫിലേക്ക് വരുവാൻ ജലീൽ തയ്യാറായതിന്റെ പകയാണ് ആക്ഷേപങ്ങൾക്ക് പിന്നിൽ. ചിലർക്ക് അദ്ദേഹത്തോടുള്ള പക ഒരു കാലത്തും വിട്ടുപോകില്ല. ബിജെപിക്കും മുസ്ലീം ലീഗിനും കാര്യങ്ങൾ നീക്കാൻ ജലീൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. രണ്ട് കൂട്ടർക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ആ ഉദ്ദേശങ്ങൾ വെച്ച് നാട് കുട്ടിച്ചോറാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖുറാൻ കൊടുക്കുന്നത് കുറ്റകരമാണ് എന്ന് ബിജെപിക്ക് തോന്നുന്ന പോലെ ലീഗിനും തോന്നണമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.