കേരളത്തില്‍ വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്; വികസനത്തില്‍ കേരളം ഗുജറാത്തിനെ മാതൃകയാക്കണം: സി.എന്‍ ജയദേവന്‍
പിണറായി സര്‍ക്കാരിനെ ഉപദേശിച്ച് സിപിഐ എംപി
വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനെയാണ് മാതൃകയാക്കേണ്ടതെന്ന് സിപിഐ എംപി സി.എന്‍ ജയദേവന്‍. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരു വര്‍ഷം മുമ്പ് നല്‍കിയ പല ഫണ്ടുകളുടെയും ഫയലുകള്‍ പോലും നീങ്ങുന്നില്ല. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും തൃശൂര്‍ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. 20 വര്‍ഷം മുമ്പ് ഇതിലും എത്രയോ മെച്ചമായിരുന്നു ഇവിടുത്തെ കാര്യങ്ങള്‍. ഗുജറാത്താണ് ഇക്കാര്യത്തില്‍ മാതൃക. അവിടെ ഏതെങ്കിലും വ്യവസായമോ സ്ഥാപനമോ തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കും. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും. തന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭരണകാര്യത്തെക്കുറിച്ച് പറയുന്നത് ഇനിയെങ്കിലും എല്ലാം നേരെയാകട്ടെ എന്നു കരുതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.