Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ
രാഹുലിന്റെ രാജി അനിവാര്യമാണെന്ന നിലപാടിലാണ് അദ്ദേഹം.
കൊച്ചി: നിരവധി പെൺകുട്ടികൾ കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണ വെളിപ്പെടുത്തലുകൾ നടത്തിയ പശ്ചാത്തലത്തിൽ വെട്ടിലായി കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്ത്. രാഹുലിന്റെ രാജി അനിവാര്യമാണെന്ന നിലപാടിലാണ് അദ്ദേഹം.
രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ റിപ്പോർട്ടറിനോട് പറഞ്ഞു. വാർത്തകളൊക്കെ ഞെട്ടിക്കുന്നതാണ്. വല്ലാത്ത രീതിയിൽ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇത് പാർട്ടി ഏൽക്കേണ്ട കാര്യവുമില്ല. ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേട്ട വാർത്തകൾ ഞെട്ടിക്കുന്നതാണ്. സമാനതകളില്ലാത്താണ്. ധാർമിക ബോധമുണ്ടെങ്കിൽ രാഹുൽ രാജിവെച്ച് പുറത്തുപോണമെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പ്രതികരിച്ചു. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു.