Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പേടിച്ചോടിയെന്ന് പരിഹസിക്കാന്‍ കാരണമായി'; സതീശനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍

മലപ്പുറം വിഷയം അടിയന്തര സ്വഭാവത്തോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു

K Sudhakaran, Congress, VD Satheeshan

രേണുക വേണു

, ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (10:27 IST)
മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതിരുന്നത് പ്രതിപക്ഷത്തിനു തിരിച്ചടിയായെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍. അടിയന്തര പ്രമേയത്തിനു അനുമതി ലഭിച്ചിട്ടും സഭയില്‍ ചര്‍ച്ച നടത്താത്തത് രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് പ്രതിപക്ഷത്തെ ഒരു വിഭാഗം എംഎല്‍എമാരുടെ അഭിപ്രായം. കെപിസിസി നേതൃത്വത്തിനും ഇക്കാര്യത്തില്‍ നീരസമുണ്ട്. 
 
മലപ്പുറം വിഷയം അടിയന്തര സ്വഭാവത്തോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. അടിയന്തര പ്രമേയത്തിനായി യുഡിഎഫ് എംഎല്‍എമാര്‍ അപേക്ഷ നല്‍കിയതുമാണ്. സാധാരണ ഒരു മണിക്ക് ആരംഭിക്കേണ്ട അടിയന്തര പ്രമേയ ചര്‍ച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 12 മണി മുതല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ സ്പീക്കറുടെ ഡയസില്‍ അടക്കം കയറി യുഡിഎഫ് എംഎല്‍എമാര്‍ പ്രതിഷേധിച്ചു. ഇതോടെ സഭ പിരിയേണ്ടി വന്നു. ഇക്കാരണത്താല്‍ അടിയന്തര പ്രമേയ ചര്‍ച്ച നടന്നില്ല. 
 
 
അടിയന്തര പ്രമേയത്തിനു ഭരണപക്ഷം അനുമതി നല്‍കില്ലെന്നായിരുന്നു പ്രതിപക്ഷം കരുതിയിരുന്നത്. അങ്ങനെ വന്നാല്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ച ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യാമെന്ന് യുഡിഎഫ് കരുതിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധം കടുപ്പിച്ചത്. 
 
സഭ ചേരുന്ന ആദ്യദിനം തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ അവസരമുണ്ടായിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കം അതില്‍ പരാജയപ്പെട്ടെന്നാണ് കെപിസിസി നേതൃത്വത്തിലെ ചില നേതാക്കളുടെ അഭിപ്രായം. അടിയന്തര പ്രമേയ ചര്‍ച്ച വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് പ്രതിപക്ഷത്തിലെ ഒരു വിഭാഗം എംഎല്‍എമാര്‍ക്ക് അഭിപ്രായമുണ്ട്. സതീശന്റെ അടക്കം എടുത്തുച്ചാട്ടം 'പ്രതിപക്ഷം ഓടിയൊളിച്ചു' എന്ന തരത്തിലുള്ള പരിഹാസങ്ങള്‍ക്കു കാരണമായെന്നാണ് പല പ്രതിപക്ഷ എംഎല്‍എമാരുടെയും അഭിപ്രായം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്, കോൺഗ്രസിൻ അപ്രതീക്ഷിത തിരിച്ചടി, വിനേഷ് ഫോഗട്ടും പിന്നിൽ!