കൊല്ലം: കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ആഘോഷത്തില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടിയതുമായ സംഭവങ്ങളെത്തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു.
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഗണഗീതം ആലപിച്ചതും, അതിനനുസൃതമായി ക്ഷേത്രത്തിന്റെ പരിസരത്ത് രാഷ്ട്രീയ സാമുദായിക പ്രതീകങ്ങളുമായി ബന്ധപ്പെട്ട തോരണങ്ങള്‍ സ്ഥാപിച്ചതും വിവാദമായിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണം കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി .
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും,ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയപ്രചരണവും, പ്രതീക ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടി തോരണങ്ങള്‍ സ്ഥാപിക്കലും കര്‍ശനമായി വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചത് കണക്കിലെടുത്താണ് നടപടി.
'ക്ഷേത്രങ്ങള്‍ ദൈവഭക്തിയുടെയും ധാര്‍മികതയുടെയും കേന്ദ്രങ്ങളാണ്. അവയെ രാഷ്ട്രീയ പ്രചാരണത്തിന് വേദികളാക്കാന്‍ അനുവദിക്കില്ല,' എന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.