കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. കഴിഞ്ഞ 23 മുതൽ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസോലേഷനിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി.
അബ്ദുല്‍ അസീസിന്റെ മകൾ കെഎസ്ആർടിസി കണ്ടക്ടറാണ്. വികാസ് ഭവൻ ഡിപ്പോയിൽ ജോലി ചെയ്യുന്ന ഇവർ രണ്ടു മക്കൾക്കൊപ്പം അബ്ദുൾ അസീസിന്റെ ഒപ്പമായിരുന്നു താമസം. മാർച്ച് 23 മുതലാണ് ഇയാളെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
മാർച്ച് 5നും 23നും ഇടയിൽ ഇദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പിടിഎ പരിപാടിയിലും ബാങ്കിലെ ചിട്ടി ലേലത്തിലും ഇയാൾ പങ്കെടുത്തിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്തിടപഴകിയ എല്ലാവരും തന്നെ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായിരുന്നു. ശ്വാസകോസ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ഇതാണ് രോഗം ഗുരുതരമാകാൻ കാരണം. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ബന്ധുക്കളിൽനിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പർക്ക പട്ടികയും റുട്ട് മാപ്പും തയ്യാറാക്കിയത്.