ഒരാഴ്‌ചക്കുള്ളിൽ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ 100 ശതമാനം വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതിനെ തുടർന്ന് കോവിഡ് കേസുകൾ സംസ്ഥാനത്ത് വലിയ രീതിയിൽ വർധിക്കുകയാണ്.ചെറുപ്പക്കാരെയാണ് രോഗം കൂടുതൽ ബാധിച്ചത്. കഴിഞ്ഞയാഴ്ചത്തെ കണക്കെടുത്താൽ 20–40 വയസ്സുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
ക്രിസ്മസ്–പുതുവൽസരവുമായി ബന്ധപ്പെട്ട് പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതാണ് രോഗ വ്യാപനത്തിനു കാരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നത് നിർഭാഗ്യമാണ്. പൊതുയോഗങ്ങൾ ഒഴിവാക്കണം.കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്എമ്മിന്റെ 13 സംസ്ഥാനതല കമ്മിറ്റികൾ പുനരുജ്ജീവിപ്പിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കണം. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും നൽകി. കുട്ടികളിൽ 39 ശതമാനംപേർക്കു വാക്സീൻ നൽകി.പ്രായമുള്ളവരും ഗുരുതരമായ അസുഖമുള്ളവരും കരുതൽ പാലിക്കണം.
ഇതുവരെ സംസ്ഥാനത്ത് 345 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.സംസ്ഥാനത്ത് ക്ലസ്റ്ററുകൾ ഉണ്ടാകുന്നത് ഒമിക്രോണിലൂടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ആൾക്കൂട്ടങ്ങൾ ഉണ്ടായ സ്ഥലത്ത് പോസിറ്റീവ് കേസുകൾ കണ്ടെത്താൽ ആ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.