കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോൾ ആശങ്കയുണർത്തി സമ്പർക്കം വഴിയുള്ള വ്യാപനവും കൂടുന്നു.കഴിഞ്ഞ 8 ദിവസത്തിനിടെ 302 പേർക്കാണ് കേരളത്തിൽ സമ്പർക്കം വഴി രോഗം ബാധിച്ചത്.
ജൂലൈ ഒന്നിന് 13,ജൂലൈ 2-14,ജൂലൈ 3-27 ,ജൂലൈ 4-17, ജൂലൈ 5-48, ജൂലൈ 6- 35,ജൂലൈ 7- 68, ജൂലൈ 8- 90 എന്നിങ്ങനെയാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.ബുധനാഴ്ച മാത്രം 90 പേർക്കാണ് സമ്പർക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം മാത്രം 60 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്പ്രെഡ് ആണെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് കല്ലായിൽ രോഗബാധിതയായ ഗർഭിണിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട അഞ്ചുപേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.നേരത്തെ കോഴിക്കോട് നടക്കാവിൽ ആത്മഹത്യ ചെയ്തയാളുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ചോളം പേർക്കും ഒരു അപാർട്ട്മെന്റിൽ നിന്നുള്ളവർക്കും കോവിഡ് സമ്പർക്കത്തിലൂടെ വ്യാപിച്ചിരുന്നു.വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിനൊപ്പം സമ്പർക്കകേസുകളും വർധിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.