സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാതിരിക്കുകയാണെങ്കിൽ ഭയാനകമായ സ്ഥിതിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായി ആകെയുള്ള 161 ഐസിയു കിടക്കകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ആകെ 138 വെന്‍റിലേറ്ററുകളില്‍ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്സിജൻ കിടക്കകളില്‍ 90ശതമാനവും നിറഞ്ഞു കഴിഞ്ഞു. പുതുതായി രോഗികളുടെ എണ്ണം കൂടുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും.
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആകെയുള്ള 52 ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെന്‍റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളുണ്ട്. 60 ഓക്സിജൻ കിടക്കകളിൽ 54ഉം രോഗികള്‍. കോഴിക്കോട് മെഡിക്കല്‍ കോളജിൽ 36 ഐസിയു കിടക്കകളില്‍ 7 എണ്ണം മാത്രമാണ് ഒഴിവുള്ളത്.40 വെന്‍റിലേറ്ററുകളില്‍ 31ലും രോഗികള്‍. 200 ഓക്സിജൻ കിടക്കകളില്‍ രോഗികളില്ലാത്തത് 22 എണ്ണത്തില്‍ മാത്രമാണ്.
മറ്റ് ജില്ലകളിലെയും സ്ഥിതി വ്യത്യസ്‌തമല്ല. ഇതോടെ സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല.ഭൂരിഭാഗം ആശുപത്രികളിലും ഐസിയു വെന്‍റിലേറ്റര്‍ കിട്ടാനില്ല. ഓക്സിജൻ കിടക്ക കിട്ടണമെങ്കിലും നെട്ടോട്ടമോടണ്ട അവസ്ഥയിലാണ്.ഇക്കണക്കിനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സംസ്ഥാനത്ത് തീവ്രപരിചരണം കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഇത് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് ഉയർത്തുമെന്നതും സംസ്ഥാനത്തെ ഭയപ്പെടുത്തുന്നുണ്ട്.