ബുധനാഴ്‌ചയൊഴികെ ആറ് ദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും വാക്സിൻ നൽകുക. തിങ്കളാഴ്‌ച മുതൽ ജനുവരി 10 വരെ ഇത്തരത്തിൽ വാക്‌സിൻ വിതരണം ചെയ്യാൻ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കുട്ടികളുടെ വാക്സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവരുടേതിന് നീല നിറത്തിലാണ് ബോർഡുണ്ടാവുക. വാക്സിനേഷൻകേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഈ നിറങ്ങളിലുള്ള ബോർഡുകളുണ്ടാകും. 15-18 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്.