അവസരവാദികളും അഴിമതിക്കാരും മുന്നണിയില്‍ വേണ്ട; മാണി എത്തിയാല്‍ എൽഡിഎഫിന്റെ പ്രതിച്ഛായ തകരും - നിലപാട് കടുപ്പിച്ച് സിപിഐ
അവസരവാദികളും അഴിമതിക്കാരും മുന്നണിയില്‍ വേണ്ട; മാണി എത്തിയാല്‍ എൽഡിഎഫിന്റെ പ്രതിച്ഛായ തകരും - നിലപാട് കടുപ്പിച്ച് സിപിഐ
കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിയെ മുന്നണിയിലെടുക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായ തകർക്കുമെന്ന് സിപിഐ. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇടത് മുന്നണിയിൽ എല്ലാവരും തുല്യരാണ്. മുന്നണിയുടെ കെട്ടുറപ്പ് സൂക്ഷിക്കേണ്ടത് അതിലെ വലിയ പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന്റെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് മുന്നണിയെ ദുർബലമാക്കും. പിജെ ജോസഫിനെ ഒപ്പം കൂട്ടിയിട്ടും ന്യൂനപക്ഷവോട്ട് കൂടിയില്ലെന്നും കാനം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മുന്നണി വിപുലീകരണമെന്ന് പേരിൽ അവസരവാദികളെയും അഴിമതിക്കാരെയും കൂടെക്കൂട്ടുന്നത് അംഗീകരിക്കാനാവില്ല. മാണിയെ കൂടെക്കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കനേ ഉപകരിക്കു. പണ്ടത്തെ മദനി ബന്ധം ഓർക്കുന്നത് നല്ലതായിരിക്കും. മുന്നണി വിപുലീകരിക്കാൻ അവസരവാദികൾ വേണ്ടെന്നും റിപ്പോർട്ടിൽ കാനം ചൂണ്ടിക്കാട്ടി.
ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതെരെഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. എല്‍ഡിഎഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് അഴിമതി വിരുദ്ധ പോരാട്ടമാണ്. അത് കളഞ്ഞുകുളിക്കാന്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.