Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷുക്കൂർ വധം: കുറ്റപത്രത്തിന് പിന്നില്‍ രാഷ്‌ട്രീയം - സിബിഐക്കെതിരെ സിപിഎം

ഷുക്കൂർ വധം: കുറ്റപത്രത്തിന് പിന്നില്‍ രാഷ്‌ട്രീയം - സിബിഐക്കെതിരെ സിപിഎം
കണ്ണൂര്‍ , തിങ്കള്‍, 11 ഫെബ്രുവരി 2019 (17:54 IST)
അരിയില്‍ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി സിപിഎം.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി  ജയരാജനെയും ടിവി രാജേഷിനെയും കുറ്റപത്രത്തിലുള്‍പ്പെടുത്തിയതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് സിബിഐ നടത്തിയ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.    

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ, പട്ടുവം പഞ്ചായത്തിലെ അരിയില്‍ വെച്ച് മുസ്ലീംലീഗ് ക്രിമിനല്‍ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. അന്നേ ദിവസം കണ്ണപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത്. ഇതിന്‍റെ പേരില്‍ 'പാർട്ടി  കോടതി വിധി' എന്ന് കുറ്റപ്പെടുത്തി ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കളെ കൊലക്കേസില്‍ പ്രതിയാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ പ്രത്യേകം  നിര്‍ദ്ദേശിക്കുകയായിരുന്നു. 2 ലീഗ് പ്രവര്‍ത്തകരെ സാക്ഷികളാക്കിയാണ് ഐ.പി.സി 118-മത് വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ ഈ സാക്ഷികള്‍ പിന്നീട് തളിപ്പറമ്പ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ നേതാക്കള്‍ പരിക്കേറ്റ് കിടക്കുന്ന ആശുപത്രിയിലോ, പരിസരത്തോ പോയില്ലെന്നാണ് മൊഴി കൊടുത്തത്. ഇതേ സാക്ഷികളെ കൂടി ഉപയോഗപ്പെടുത്തിയാണ് സിബിഐ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുള്ളത്. പുതിയ തെളിവുകളോ, സാക്ഷികളോ ഇല്ലാതെയാണ് സി.ബി.ഐ നീക്കം നടത്തിയത്. സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി അതുവഴി രാഷ്ട്രീയ കളിക്ക് കൂട്ട് നിന്നിരിക്കുകയാണ്. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും സെക്രട്ടറിയേറ്റ് പ്രത്യാശിച്ചു. - എന്നും പ്രസ്‌താവനയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരങ്ങൾ, പുതിയ മാറ്റവുമായി ഫെയ്സ്ബുക്ക് !