ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ
						
		
						
				
സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു.
			
		          
	  
	
		
										
								
																	തൃശൂർ: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയതിന് സവാദിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി സവാദ് മുൻപും സമാനക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പുതിയ പരാതി. സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	2023ൽ കെഎസ്ആർടിസി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ ഇയാൾ അറസ്റ്റിലായിരുന്നു. കെഎസ്ആർടിസി ബസിൽ തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിയായിരുന്നു അന്ന് അതിക്രമം നേരിട്ടത്. രണ്ട് യുവതികൾക്കിടയിൽ ഇരുന്നിരുന്ന സവാദ് നഗ്‌നതാപ്രദർശനം നടത്തിയെന്നും, ലൈംഗികചേഷ്ടകൾ കാണിച്ചെന്നുമായിരുന്നു ആരോപണം.
 
									
										
								
																	
	 
	യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തതോടെ ബസിൽ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പുെടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതും വാർത്തയായിരുന്നു.