ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം; വരുന്ന ഏഴുദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത
ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Publish Date: Fri, 20 Jun 2025 (15:28 IST)
Updated Date: Fri, 20 Jun 2025 (15:31 IST)
ബിഹാറിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.