ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‌ക്കും പങ്ക്; വെളിപ്പെടുത്തലുമായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ
ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്‌ക്കും പങ്ക്
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്ക്ക് പങ്കെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ.
ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനം അല്ലായിരുന്നു. ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയത്. ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രൺധാവ പറഞ്ഞു.
സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദേശത്തെ സെക്രട്ടറി സികെ വൽസനും പ്രസിഡന്റും ഉഷയും അനുകൂലിച്ചു. താന്‍ മാത്രമായി ഇതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
സെലക്‌ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് പിടി ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചത്. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് രൺധാവ രംഗത്തെത്തിയത്.
അതേസമയം ഈ വിഷയത്തിൽ ചിത്ര ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.