'റിമയോട് ഒരിഷ്ടമുണ്ട്, ഋതു മുതൽ ഇന്നിപ്പോൾ മീൻ വറുത്തതിൽ വരെ വന്ന് നിൽക്കുന്നു' - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

മീൻ വറുത്തത് കൂടുതൽ കിട്ടാത്തതിന്റെ കുറവ് വീട്ടിലുള്ളവർക്ക് ഉണ്ടാകാതെ ശ്രദ്ധിച്ചാൽ മതി - വൈറലാകുന്ന വാക്കുകൾ

ബുധന്‍, 17 ജനുവരി 2018 (14:14 IST)
നടി റിമ കല്ലിങ്കൽ ഫെമിനിസത്തേയും പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളേയും കുറിച്ചു നടത്തിയ പരാമർശം ചർച്ചയാകുകയാണ്. പതിവുപോലെ താരത്തെ കളിയാക്കിയും വിമർശിച്ചു ട്രോളുകളുമെത്തി. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
 
കൂട്ടത്തിൽ ധനേഷ് നാരായണൻ എന്ന വ്യക്തിയുടെ പോസ്റ്റും വൈറലാകുന്നു. ഋതു സിനിമ കണ്ട അന്ന് തൊട്ടേ റിമാകല്ലിങ്കലിനോട് ഒരു ഇഷ്ടമുണ്ടെന്ന് ധനേഷ് പറയുന്നു. തലയിൽ ആൾ താമസത്തിന്റെ കുറവുമൂലം ഒഴിഞ്ഞ ശൂന്യമായ ശിരസ്സോടെ ജീവിക്കുന്ന പൊള്ള തലയന്മാർക്ക് മുന്നിലേക്കുള്ള മറുപടിയാണ് ധനേഷിന്റെ പോസ്റ്റ്.
 
വൈറലാകുന്ന പോസ്റ്റ്:
 
ഋതു സിനിമ കണ്ട അന്ന് തൊട്ടേ റിമാകല്ലിങ്കലിനോട് ഒരു ഇഷ്ടമുണ്ട്...
 
ആ ഇഷ്ടമിച്ചിരി കൂടുതലായത് അതേ മുഖഛായയിൽ ഒരു പെൺകുട്ടി ഇഷ്ടക്കാരിയായപ്പോളാണ്.. പ്രണയത്തിലും വിരഹത്തിലും എല്ലാം "ഋതു"നിറഞ്ഞു നിന്നു..
 
പിന്നീട് സ്വന്തം വിവാഹം അധികച്ചിലവുകളൊന്നുമില്ലാതെ നടത്തുകയും അതിനുപകരം ആ പണം സാധുക്കൾക്കു ദാനം ചെയ്യുകയും കണ്ടപ്പോളാണ്... അവരോടുള്ള ഇഷ്ടം അംങ്ങനെ ചുമ്മാ തോന്നുന്നതല്ല സ്നേഹിക്കാനർഹരായവരെയൊക്കെ കാരണമൊന്നും ബോധിപ്പിക്കാനില്ലെങ്കിലും അങ്ങട് സ്നേഹിച്ചു പോകുന്ന വിചിത്ര രോഗമുണ്ട് എന്ന് മനസിലാകുന്നത്.
 
നൃത്തത്തിനൊടുവിൽ "അവൾക്കൊപ്പം " എന്ന എഴുത്തുമായി നിന്ന് അവർ സദസിനെ നോക്കിയ നോട്ടത്തിൽ ഇന്നാൾ വരെ വേദനിച്ച സകല പെണ്ണുങ്ങളുടെയും ഭാവ തീക്ഷ്ണതയുണ്ടായിരുന്നു. 
കൂട്ടത്തിലൊരാൾ ചങ്കുനീറുമ്പോൾ അവർക്കൊപ്പം നിൽക്കുന്ന അതിൽ തുടരുന്ന ആ നിലപാടുകളിലാണ് സ്നേഹസൗന്ദര്യം..
 
ഇപ്പോൾ മീൻവറുത്തതു കിട്ടാത്തതിന്റെ പേരിൽ കലങ്ങിയ പെൺകുട്ടിയുടെ മനസിനെ കുറിച്ചവൾ പറയുമ്പോൾ ഹോട്ടലിൽ കൊണ്ടുപോയി വയറുനിറച്ചു മീൻവറുത്തതു വാങ്ങിക്കൊടുത്താൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് പറയുന്ന ഒരു കൂട്ടത്തെ കാണുമ്പോൾ അത്ഭുതം തോന്നുന്നു..
 
ഒരേ വീട്ടിൽ ഉണ്ടാകുന്ന നിസ്സാരമെന്നു തോന്നിക്കുന്ന തരം തിരിവുകൾ പോലും കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ ശ്രമിക്കാതെ അയ്യേ മീൻകൊതിച്ചി എന്ന് പറയുന്നതു അപാരമായ ആൺവിഡ്ഢിത്തമാണ്.
 
ഗാർഹിക പീഡനങ്ങൾ അനുവദനീയമാണ് എന്ന് പറയുന്ന മലയാളി സ്ത്രീകളുടെ സർവേ ഫലം വെറും പൊള്ളയാവാൻ സാധ്യതയില്ല.. പെണ്ണുങ്ങൾക്കിത്രമതി.. പെണ്ണുങ്ങളിങ്ങനെയെ പാടുള്ളൂ.. എന്ന് ശീലിപ്പിച്ചു വളർത്തുന്ന "അടക്കവും ഒതുക്കവും " കൂടിയ സദ്‌ഗുണകൾ വളർന്നാൽ അതൊരു പീഡനമായി തോന്നുകയേയില്ല...
 
അങ്ങനെ തോന്നുന്ന ഒരു കുഞ്ഞുവിഭാഗത്തിനെ അവള് "ഫെമിനിച്ചിയാടാ... " എന്നു പച്ചത്തറിവിളിക്കുന്ന താളത്തിൽ പറഞ്ഞൊതുക്കാൻ ഭൂരിഭാഗത്തിനു ശുഷ്കാന്തിയുമുണ്ട്.
 
വേർതിരിവുകളില്ലാതെ തരം താഴ്ത്തലുകളില്ലാതെ അവരവരുടെ മക്കൾ ആണും പെണ്ണും വീടുകളിൽ ഉള്ളുനോവാതെ വളരാൻ ശ്രദ്ധിച്ചാൽ മാത്രം മതി.
 
അപ്പോൾ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി എന്ന് പറയേണ്ടിവന്നവരും ഉണ്ടാവില്ല.
 
മീൻ വറുത്തത് കൂടുതൽ കിട്ടാത്തെന്റെ കുറവാണ് എന്ന് പറയുന്നവരും ഉണ്ടാകില്ല

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം; കോടിയേരിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍