'ഇവിടെ ഹാന്‍സും പാന്‍ പരാഗും തുപ്പരുത്'; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ എസ്.എഫ്.ഐയുടെ മുദ്രാവാക്യം ! കാരണം ഇതാണ്
തങ്ങളുടെ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചതോടെ രാത്രി ഏറെ വൈകിയും ഗവര്‍ണര്‍ക്കെതിരായ പുതിയ ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു എസ്.എഫ്.ഐ
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ). ഇന്നലെ രാത്രി കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. 'ഗോ ബാക്ക് സംഘി ഗവര്‍ണര്‍' മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു. അതിനിടെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി.
തങ്ങളുടെ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചതോടെ രാത്രി ഏറെ വൈകിയും ഗവര്‍ണര്‍ക്കെതിരായ പുതിയ ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു എസ്.എഫ്.ഐ. ഒരു ബാനര്‍ ഊരിപ്പിച്ചതിനു പകരം തെരുവുകള്‍ ബാനറുകള്‍ കൊണ്ട് നിറയ്ക്കുമെന്നായി എസ്.എഫ്.ഐ. 'മിസ്റ്റര്‍ ചാന്‍സലര്‍ ഇത് കേരളമാണ്' എന്നെഴുതിയ കൂറ്റന്‍ ബാനറും എസ്.എഫ്.ഐ ക്യാംപസില്‍ ഉയര്‍ത്തി.
അതിനിടെയാണ് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ റോഡില്‍ 'ഇവിടെ ഹാന്‍സും പാന്‍ പരാഗും തുപ്പരുത്' എന്ന് എഴുതിയത്. ഗവര്‍ണറെ പരോക്ഷമായി ഉദ്ദേശിച്ചാണ് എസ്.എഫ്.ഐയുടെ ഈ വരികള്‍. ഗവര്‍ണര്‍ പാന്‍ മസാല ഉപയോഗിക്കുന്ന ആളാണെന്നും അങ്ങനെയാണ് പല്ലുകള്‍ കറ പിടിച്ചിരിക്കുന്നതെന്നും അടക്കം എസ്.എഫ്.ഐ വിദ്യാര്‍ഥികളും ഇടത് സഹയാത്രികരും സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധക്കാര്‍ റോഡില്‍ ഇത്തരമൊരു വാചകം എഴുതിയത്.