Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മദ്യലഹരിയില്‍ തുറന്നുപറച്ചില്‍, കാര്യമാക്കാതെ പൊലീസ്, പിന്നീട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ചുരുളഴിഞ്ഞത് സിനിമാ സ്റ്റൈല്‍ കൊലപാതകം

Drishyam Model Murder
, ചൊവ്വ, 20 ഏപ്രില്‍ 2021 (14:04 IST)
കൊല്ലം ഏരൂരിലെ സിനിമ സ്റ്റൈല്‍ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തിയത് രണ്ടര വര്‍ഷത്തിനു ശേഷമാണ് പുറംലോകം അറിയുന്നത്. കൊലപാതകത്തിനു അമ്മയും കൂട്ടുനിന്നു എന്നാണ് പ്രാഥമിക നിഗമനം. ഏരൂര്‍ സ്വദശിയായ ഷാജി പീറ്ററിനെയാണ് (കരടി ഷാജി) സഹോദരന്‍ സജിന്‍ പീറ്റര്‍ കൊലപ്പെടുത്തിയത്. സജിന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. 
 
ഏകദേശം രണ്ടര വര്‍ഷത്തോളമായി ഷാജിയെ കാണാതായിട്ട്. ചോദിക്കുന്നവരോടെല്ലാം സജിനും അമ്മയും പറഞ്ഞിരുന്നത് ഷാജി മലപ്പുറത്ത് ജോലിക്ക് പോയി എന്നാണ്. കൊലപാതകത്തിനു ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്നാണ് ഷാജിയുടെ മൃതദേഹം കുഴിച്ചിട്ടത്. ഈ മൃതദേഹം എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാലമത്രയും കൊലപാതകം രഹസ്യമാക്കിവച്ചു. 
 
 
ബന്ധുവിന്റെ വെളിപ്പെടുത്തല്‍
 
ഈ കുടുംബത്തിലെ ഒരു ബന്ധു വഴിയാണ് കൊലപാതക രഹസ്യം പൊലീസ് അറിയുന്നത്. കൊല്ലം ഏരൂരിലെ വീട്ടില്‍ താമസിക്കാന്‍ ഈ ബന്ധു എത്തിയിരുന്നു. അങ്ങനെയാണ് സജിനില്‍ നിന്നും അമ്മ പൊന്നമ്മയില്‍ നിന്നും കൊലപാതക രഹസ്യം അറിയുന്നത്. പത്തനംതിട്ട സ്വദേശിയാണ് ഇയാള്‍. ബന്ധു വീട്ടില്‍ നിന്ന് കൊലപാതകരഹസ്യം അറിഞ്ഞ ഇയാള്‍ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ അതീവ രഹസ്യവും നിര്‍ണായകവുമായ വിവരം ഡിവൈഎസ്പിയോട് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 
മദ്യപിച്ചിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ വകവച്ചില്ല. എന്നാല്‍ ഇയാളുടെ നിരന്തരമായ ആവശ്യപ്രകാരം പൊലീസ് ചെവികൊടുക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഷാജി സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ കൊല്ലപ്പെട്ടതാണെന്നും മാതാവും സഹോദരനും കൂടി മൃതദേഹം കിണറിനു സമീപം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പത്തനംതിട്ട പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് ഷാജിയുടെ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഭിച്ച വിവരങ്ങള്‍ സത്യമാണെന്നാണ് പൊലീസ് പറയുന്നത്.
 
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയ ആള്‍ പൂര്‍ണമായി മദ്യപിച്ച് ബോധരഹിതനായിരുന്നതിനാല്‍ വൈകുന്നേരം വരെ ഇയാളെ കൂടെ ഇരുത്തിയാണ് പൊലീസ് വിവരം ശേഖരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഷാജിയുടെ ബന്ധുവാണ് ഇയാള്‍. ഷാജി സ്വപ്നത്തില്‍ വന്ന് താന്‍ മരിച്ചിട്ടും എന്തുകൊണ്ടാണ് ബന്ധുക്കള്‍ അന്വേഷിക്കാത്തതെന്ന് പരാതി പറയുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്ക് പൊലീസ് ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. അതിനുശേഷം അടുത്തിരുത്തി ഓരോ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തനംതിട്ട പൊലീസ് വിവരങ്ങള്‍ ഏലൂര്‍ പൊലീസുമായി പങ്കുവയ്ക്കുകയായിരുന്നു.   
 
മരണത്തിലേക്ക് നയിച്ചത്
 
അവിവാഹിതനായ ഷാജി പീറ്റര്‍ വീട്ടില്‍ നിന്നു അകന്നു കഴിയുകയായിരുന്നു. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. 
 
സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കിണറിന്റെ അടുത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് അറിവ്. മൃതദേഹം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ടോ എന്ന് ചോദ്യം ചെയ്യലിനു ശേഷമേ അറിയാന്‍ സാധിക്കൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സാപ്പ് മെസേജ് കുരുക്കായി; മൊഴിയിലെ പൊരുത്തക്കേടുകള്‍ക്ക് പിന്നാലെ പൊലീസ്