കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാല്‍ ഡിസംബര്‍ ഒമ്പത് വൈകീട്ട് ആറ് മണി മുതല്‍ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ ഡിസംബര്‍ 11 വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂര്‍ സമയം കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരോട് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഡ്രൈഡേ ദിവസങ്ങളില്‍ മദ്യമോ സമാനമായ ലഹരിപാനീയങ്ങളോ ഹോട്ടലുകളിലോ ഭക്ഷ്യശാലകളിലോ കടകളിലോ പോളിംഗ് മേഖലയിലെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വില്‍ക്കാനോ നല്‍കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം വില്‍ക്കുന്നതോ വിളമ്പുന്നതോ ആയ മദ്യശാലകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ അടച്ചിടേണ്ടതും മദ്യവില്‍പന നടത്താന്‍ പാടില്ലാത്തതുമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാത്ത സമീപപ്രദേശങ്ങളില്‍ നിന്ന് രഹസ്യമായി മദ്യം കടത്തുന്നത് തടയാനുള്ള നടപടികള്‍ ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്വീകരിക്കേണ്ടതാണ്.
സ്വകാര്യ വ്യക്തികള്‍ മദ്യം സംഭരിച്ചു വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത വ്യക്തികള്‍ ലൈസന്‍സ് ഇല്ലാത്ത പ്രദേശങ്ങളില്‍ മദ്യം സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും പരിശോധിച്ചു തടയാനുള്ള നടപടികളും എക്‌സൈസ് വകുപ്പ് സ്വീകരിക്കേണ്ടതാണ്.