Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

പരിശോധനകളിലായി 340 ലംഘനങ്ങള്‍ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്.

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (11:25 IST)
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങള്‍ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്. മൊത്തം രണ്ടു ടണ്ണിന്റെ നിരോധിത ഉല്‍പ്പന്നങ്ങളും, തെര്‍മോക്കോള്‍, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും നിരോധിത അലങ്കാര വസ്തുക്കളും ഇതിനോടകം കണ്ടുകെട്ടി.
 
പിവിസി ഫ്‌ലക്സുകള്‍ക്ക് പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള പുനരുപയോഗിക്കാവുന്ന പോളി എത്തിലീനും പ്ലാസ്റ്റിക്ക് കലര്‍ന്ന നൈലോണ്‍, പോളിസ്റ്റര്‍, കൊറിയന്‍ ക്ലോത്ത് എന്നിവയ്ക്ക് പകരം നൂറ് ശതമാനം കോട്ടണ്‍ തുണിയുമാണ് ബോര്‍ഡുകള്‍ക്കും മറ്റുമായി ഉപയോഗിക്കേണ്ടത്.  തെര്‍മ്മോക്കോള്‍, സണ്‍പാക്ക് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ അലങ്കാര ആവശ്യങ്ങള്‍ക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കള്‍ മാത്രം ഉപയോഗിക്കണം.  ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സാഹചര്യങ്ങളില്‍ പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ കൊണ്ടുണ്ടാക്കിയ, ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കപ്പുകള്‍ക്കും, പാത്രങ്ങള്‍ക്കും പകരം സ്റ്റീലിന്റേയോ സെറാമിക്കിന്റെയോ ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണം.
 
അനുവദനീയമായ എല്ലാത്തരം പ്രചരണവസ്തുക്കളിലും പിവിസി മുക്തമെന്ന ലോഗോയും, പ്രിന്ററുടെ പേരും, ഫോണ്‍ നമ്പറും, ഓര്‍ഡര്‍ നമ്പറും നിര്‍ബന്ധമായും ഉണ്ടായിരിക്കേണമെന്നും നിര്‍ദേശമുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ വ്യാജനിര്‍മ്മിതിയും, വില്‍പ്പനയും തടയുന്നതിലേക്കാണ് ഈ നടപടി. തിരഞ്ഞെടുപ്പ് കാലത്ത് ഹരിതചട്ടം ലംഘിക്കപ്പെടുന്നുവെന്ന് കണ്ടാല്‍ പൊതുജനങ്ങള്‍ക്കും 9446700800 എന്ന് വാട്സപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതിപ്പെടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്