അന്തരിച്ച വിഖ്യാത എഴുത്തുക്കാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പൊതുവിദ്യഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം. അറിയാത്ത അത്ഭുതങ്ങളെ ഗര്‍ത്തത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളയെയാണ് എനിക്കിഷ്ടം എന്ന എം ടിയുടെ പ്രശസ്തമായ ഉദ്ധരണി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലേഖനം ചെയ്യാനും വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
ജനുവരി നാല് മുതല്‍ 8 വരെയാണ് കേരള സ്‌കൂള്‍ കലോത്സവം നടക്കുക. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും നൂറ്റിയൊന്നും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും നൂറ്റിപത്തും സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊമ്പതും അടക്കം ആകെ 249 ഇനങ്ങളിലായാകും മത്സരം നടക്കുക. മംഗലം കളി, പണിയ നൃത്തം,പളിയ നൃത്തം,മലപുലയ ആട്ടം, ഇരുള നൃത്തം എന്നിങ്ങനെ 5 ഗോത്ര നൃത്തരൂപങ്ങള്‍ കൂടി ഈ വര്‍ഷം കലോത്സവത്തില്‍ ഇനങ്ങളാകും.