കാസര്‍കോട്: ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി കാസര്‍കോട് വിദ്യാനഗറിലാണ് ദാരുണ സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
വിദ്യാനഗര്‍ പാടിയില്‍ സുലേഖ വൈകിട്ട് ചക്ക മുരിക്കവെയാണ് സംഭവം. ഉമ്മ ചക്ക മുറിക്കുന്നതിനിടെ സമീപത്ത് നിന്ന കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉമ്മയ്ക്ക് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കാല്‍ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിത സംഭവമായതിനാൽ ഉമ്മയ്ക്ക് പിടിക്കാൻ സാധിച്ചില്ല. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു.
സംഭവം നടന്ന ഉടൻ തന്നെ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.