പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെയുള്ള നടപടികൾ തുടർന്ന് കേന്ദ്രം. പാകിസ്ഥാന്‍ വിമാനങ്ങളെ ഇനി ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമപാതയില്‍ പ്രവേശനം നിക്ഷേധിച്ചിരിക്കുന്നത്. വ്യോമപാത ഇന്ത്യ അടച്ചു.
പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതും, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും, പാകിസ്ഥാനില്‍ ഉടമകളുള്ളതും, പാകിസ്ഥാന്‍ വിമാനകമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്കു പിന്നാലെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാകിസ്താന്‍ അനുമതി നിഷേധിച്ചത്. പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും സ്ഥിരമായി പൊയ്ക്കൊണ്ടിരുന്നത്.