കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍
എസ്എച്ച്ഒ ഒളിവില്‍. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറാണ് ഒളിവില്‍ പോയത്.
കിളിമാനൂരില്‍ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ ഒളിവില്‍. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറാണ് ഒളിവില്‍ പോയത്. സംഭവത്തില്‍ അനില്‍കുമാറിനെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്നാണ് കേസ്. അപകടത്തിന് ശേഷം അനില്‍കുമാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. എസ്എച്ച്ഒയെ പ്രതിയാക്കി റിപ്പോര്‍ട്ട് ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജു ലാല്‍ സമര്‍പ്പിക്കും.
കൂടാതെ അനില്‍കുമാറിനെ ഇന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യും. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതോടെ അനില്‍കുമാര്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ അനില്‍ കുമാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ഏഴാം തീയതിയാണ് അനില്‍കുമാറിന്റെ വാഹനം പിടിച്ചു മുരളി എന്നയാള്‍ മരണപ്പെട്ടത്. സംഭവത്തില്‍ എസ് എച്ച് ഒ അനില്‍കുമാര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചു വീണു എന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റു നടന്നു പോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം.
അപകടം ഉണ്ടാക്കിയ അനില്‍കുമാറിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജു ലാലിന് കൈമാറിയിരുന്നു.