Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 97 സ്ഥാനാര്‍ത്ഥികള്‍

നാളെ സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 97 സ്ഥാനാര്‍ത്ഥികള്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ഫെബ്രുവരി 2023 (11:08 IST)
സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് നടത്തും.
 
സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ  ഉപയോഗിക്കാം.
 
ഇടുക്കി, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 40 പേര്‍ സ്ത്രീകളാണ്.
 
വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടര്‍മാര്‍. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാന്‍സ്ജെന്‍ഡറുകളും. പ്രവാസി വോട്ടര്‍പട്ടികയില്‍ 10 പേര്‍.
 
വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പതിന്നാലും കൊല്ലം കോര്‍പ്പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടും ഗ്രാമപഞ്ചായത്തുകളില്‍ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.
 
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങള്‍ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖേന അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും.
 
ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.
 
വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം അപ്പോള്‍ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.
 
സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ഇതിന് അവസരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുകാല്‍ പൊങ്കാലക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിയന്ത്രിക്കാന്‍ 2750 പൊലീസ് ഉദ്യോഗസ്ഥര്‍