Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുകയാണ് ബി ജെ പി: എ വിജയരാഘവന്‍

ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുകയാണ് ബി ജെ പി: എ വിജയരാഘവന്‍

സുബിന്‍ ജോഷി

, ചൊവ്വ, 9 മാര്‍ച്ച് 2021 (22:36 IST)
ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുകയാണ് ബി ജെ പിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ ബി ജെ പിക്ക് ഒരു സീറ്റ് കേരളത്തില്‍ കിട്ടിയത് അവര്‍ക്ക് കോണ്‍ഗ്രസുമായി രഹസ്യധാരണയുള്ളതുകൊണ്ടായിരുന്നു എന്നും വിജയരാഘവന്‍ പറയുന്നു.
 
എ വിജയരാഘവന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ:
 
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപിയുടെയും കോൺഗ്രസിന്റെയും ദേശീയനേതാക്കളും ഒരുപോലെയാണ് സംസാരിക്കുന്നത്. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുൽ ഗാന്ധി ആരോപിച്ചതും. ഭീഷണിയിലൂടെയും നുണപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് അമിത് ഷായെക്കൂടി ഇറക്കിയതെങ്കിൽ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഒരു വർഗീയശക്തിയെയും മതനിരപേക്ഷ കേരളം അംഗീകരിക്കില്ല. 
 
മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെ അവതരിപ്പിക്കണമെന്ന് തർക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബിജെപിക്ക് 2016ൽ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബിജെപി ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കൽ സുഗമമാക്കാൻ സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയില്ല. ബിജെപി ജയിച്ചത് അവർ തമ്മിലുള്ള ധാരണ രഹസ്യമായതുകൊണ്ടായിരുന്നു. പരസ്യമാകുമ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് 1991ൽ നടത്തിയ വടകര (ലോക്‌സഭ), ബേപ്പൂർ (നിയമസഭ) പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ്. ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിലും അതാണ് സംഭവിക്കാൻ പോകുന്നത്.
 
യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം ശരിക്കും മനസ്സിലാക്കിയ ജനങ്ങൾ ബിജെപിക്ക് ഒരു സീറ്റ്പോലും നൽകില്ല. എൽഡിഎഫ് ഭരിച്ച അഞ്ചുവർഷത്തിനിടയിൽ പല തെരഞ്ഞെടുപ്പുകൾ നടന്നു. ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല. കേന്ദ്രഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടവും പ്രസക്തിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സരം കടുക്കും: പി രാജീവിനെതിരെ കളമശേരിയിൽ കെഎം ഷാജി