Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

അഭിറാം മനോഹർ

, വ്യാഴം, 28 നവം‌ബര്‍ 2024 (12:24 IST)
ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരിയവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെപറ്റി അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേസമയം പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചെന്നും ധനകാര്യവകുപ്പ് പ്രതികരിച്ചു.
 
സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല എന്നിരിക്കെയാണ് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാപദ്ധതിയില്‍ കയിട്ടുവാരിയത്. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് ഇത്തരത്തില്‍ പെന്‍ഷന്‍ കൈപ്പറ്റിയതെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന 2 അസിസ്റ്റന്റ് പ്രഫസര്‍മാരും 3 ഹയര്‍ സെക്കന്‍ഡറി അഷ്യാപകരുമെല്ലാം ഈ ലിസ്റ്റിലുണ്ട്. പട്ടികയിലെ ഭൂരിപക്ഷം പേരും നിലവില്‍ സര്‍വീസിലുള്ളവരാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനുമാണ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ നിര്‍ദേശം.
 
അനധികൃത പെന്‍ഷന്‍ വാങ്ങിയവരില്‍ കൂടുതല്‍ ജീവനക്കാരും ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയത്. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. മാസം 1600 രൂപയാണ് നിലവിലെ ക്ഷേമപെന്‍ഷന്‍. അനര്‍ഹരായ 1458 പേര്‍ക്ക് മാസം ഈ തുക നല്‍കുമ്പോള്‍ മാസം 23 ലക്ഷം രൂപയോളമാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു