മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ
മേയ് 18 മുതല്‍ 24 വരെയുള്ള തിയതികളിലായി 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിട്ടുണ്ട്
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേയ് 14 ബുധനാഴ്ച തൃശൂര്‍ ജില്ലാതലയോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ ജില്ലയിലെ വ്യത്യസ്ത മേഖലകളിലെ ക്ഷണിക്കപ്പെട്ടവര്‍ പ്രതിനിധികളായി എത്തും. ജില്ലാതല യോഗം നാളെ രാവിലെ 10.30 മുതല്‍ 12.30 വരെ തൃശൂര്‍ കാസിനോ ഹോട്ടലിലാണ് നടക്കുക.
മേയ് 18 മുതല്‍ 24 വരെയുള്ള തിയതികളിലായി 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 18 ന് ഉദ്ഘാടന ദിവസം വൈകീട്ട് നാലു മണിക്ക് തൃശൂര്‍ റൗണ്ടില്‍ സി.എംഎസ് സ്‌കൂള്‍ മുതല്‍ തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണര്‍ വരെ നടക്കുന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയില്‍ പതിനായിരത്തിലധികം ആളുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ തീം - സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമാകും. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം.
മേളയുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മെയ് 18 ന് രാത്രി ഏഴിന് എന്റെ കേരളം നൃത്തശില്‍പം, എട്ടിന് അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതംഗമയ ബാന്‍ഡ് എന്നിവ അരങ്ങേറും. മെയ് 19 ന് രാത്രി എട്ടിന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന അനശ്വര ഗായകന്‍ പി.ജയചന്ദ്രന്‍ അനുസ്മരണ സംഗീതനിശ - 'മലര്‍വാകക്കൊമ്പത്ത്' നടക്കും.
മെയ് 21 ന് വൈകിട്ട് നാലിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ ഭിന്നശേഷി കുട്ടികളുടെ 'റിഥം ബാന്‍ഡ്' 6.30 ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷന്‍, 8.30 ന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം - 'തമാശ' എന്നിവ അരങ്ങേറും. മെയ് 22 ന് വൈകിട്ട് അഞ്ചിന് സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ കലാവിരുന്ന്, ആറിന് ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാരുടെ നൃത്തം, രാത്രി 8.30 ന് ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത നാടകവീട് കലാസമിതി അവതരിപ്പിക്കുന്ന 'വയ് രാജ വയ്' നാടകം എന്നിവയും ഉണ്ടാകും. മെയ് 23 ന് രാത്രി എട്ടിന് ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡും ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷനും ആസ്വദിക്കാം. മെയ് 24 ന് രാത്രി ഏഴിന് പണ്ഡിറ്റ് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന 'ഒരു നറു പുഷ്പമായ് ' (മെഹ്ഫില്‍) അരങ്ങേറും.
മേളയുടെ ഭാഗമായി മെയ് 19 മുതല്‍ 24 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളിലായി സെമിനാറുകളും സംഘടിപ്പിക്കും. മെയ് 19 ന് രാവിലെ 10.30 ന് 'ഉത്തരവാദിത്വ രക്ഷാകര്‍ത്തൃത്വം' (പാരന്റ് അപ് ക്യാമ്പയിന്‍), 11.30 ന് വയോജന ക്ഷേമം, ഉച്ചയ്ക്ക് 2 ന് ഭരണഘടന സാക്ഷരത എന്നീ വിഷയങ്ങളിലായി സെമിനാറുകള്‍ നടക്കും. 21 ന് രാവിലെ 10.30 ന് സമഗ്ര പച്ചക്കറിക്കൃഷി വികസനം, കാര്‍ഷിക മുറകള്‍, നൂതന വിപണന മാര്‍ഗ്ഗങ്ങള്‍ എന്ന സെമിനാറും 11.30 ന് മൃഗസംരക്ഷണ മേഖലയിലെ എഫ് പി ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) രൂപീകരണം - സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍, വിജയകഥകള്‍ എന്ന സെമിനാറും ഉച്ചയ്ക്ക് 2.30 ന് ലിംഗനീതിയ്ക്കായുള്ള കുടുംബശ്രീ ഇടപെടലുകള്‍, സാധ്യതകള്‍ എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടക്കും.
22 ന് രാവിലെ 10.30 ന് കരിയര്‍ പ്ലാനിംഗ് മാനേജ്മെന്റ് എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2 ന് നവീനതയും സംരംഭകത്വവും വ്യവസായ സൗഹൃദ വിദ്യാഭ്യാസവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പരിവര്‍ത്തനത്തില്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ പങ്ക്, 3.30 ന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ - കേരളം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 23 ന് നാളത്തെ കേരളം -ലഹരി മുക്ത നവകേരളം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകര്‍ക്കുള്ള കയറ്റുമതി സാധ്യതകള്‍, ഡിജിറ്റല്‍ സര്‍വെ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും മെയ് 23 ന് കവിയരങ്ങും സംഘടിപ്പിക്കും. 24 ന് രാവിലെ 10.30 മുതല്‍ സമുദ്ര മലിനീകരണവും കാലാവസ്ഥ വ്യതിയാനവും, ഉച്ചയ്ക്ക് 2 ന് റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നീ വിഷയങ്ങളിലും സെമിനാര്‍ നടക്കും.