ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം
ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത്
സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ആദ്യ അച്ചടക്കനടപടിയായ താക്കീത് നല്കാൻ തീരുമാനിച്ചത്.
വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പിബി നിര്‍ദേശിച്ചു. പിന്നാലെ കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും താക്കീത് നല്കുവാന് തീരുമാനിക്കുകയും ആയിരുന്നു.
ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടിയെടുക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഇരുവരും തെറ്റ് ഏറ്റുപറഞ്ഞ സാഹചര്യത്തിൽ ലളിതമായ നടപടി മതിയെന്നായിരുന്നു കേന്ദ്രകമ്മിറ്റിയിൽ നിർദേശമുയർന്നു. ഇതോടെയാണ് ജയരാജനും, ശ്രീമതിക്കും താക്കീത് നല്കാന് തീരുമനിച്ചത്.