Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

മോഷണത്തിനിടെ ആരെങ്കിലും എതിര്‍ത്താല്‍ ക്രൂരമായി ഇവര്‍ ഉപദ്രവിക്കും. ശരീരത്തില്‍ മുഴുവന്‍ എണ്ണതേച്ചു മുഖംമൂടി ധരിച്ചാണ് രാത്രിയില്‍ ഇവര്‍ മോഷണത്തിനു ഇറങ്ങുക

Kuruva Gang - Ernakulam

രേണുക വേണു

, വെള്ളി, 15 നവം‌ബര്‍ 2024 (10:05 IST)
Kuruva Gang - Ernakulam

എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. കുറുവ സംഘത്തോടു സാദൃശ്യമുള്ള ആളുകള്‍ വടക്കന്‍ പറവൂരിലും പരിസര പ്രദേശങ്ങളിലും നിരവധി വീടുകളില്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച വടക്കേക്കര പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
 
വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കുറുവ സംഘത്തെ പോലെ ആയുധങ്ങളും വസ്ത്രധാരണവുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. 
 
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. മുഖം മറച്ച് അര്‍ധ നഗ്നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.
 
പകല്‍ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവ സംഘം വീട്ടിലെത്തുക. പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനെന്ന പേരിലും ഇവര്‍ വീടുകളിലെത്തും. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിര്‍ക്കുന്നവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി. ഇവരുടെ കൈയില്‍ കമ്പി വടിയും വാളും ഉണ്ടാകും. പ്രത്യേക ആയുധ പരിശീലനം ലഭിച്ചവരാണ് ഇവര്‍. 
 
മോഷണത്തിനിടെ ആരെങ്കിലും എതിര്‍ത്താല്‍ ക്രൂരമായി ഇവര്‍ ഉപദ്രവിക്കും. ശരീരത്തില്‍ മുഴുവന്‍ എണ്ണതേച്ചു മുഖംമൂടി ധരിച്ചാണ് രാത്രിയില്‍ ഇവര്‍ മോഷണത്തിനു ഇറങ്ങുക. പ്രത്യേകമായൊരു താവളം കേന്ദ്രീകരിച്ചല്ല ഇവര്‍ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു