കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ റിമൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ്) എന്ന പേരില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പുതിയ സംരംഭം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ പരിപാടിക്ക് കീഴില്‍, ഉപയോഗിക്കാത്ത മരുന്നുകള്‍ ഒന്നുകില്‍ വീടുകളില്‍ നിന്ന് ശേഖരിക്കും അല്ലെങ്കില്‍ അവ നിയുക്ത കളക്ഷന്‍ പോയിന്റുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കും.
രാജ്യത്ത് ആദ്യമായാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലുമാണ് പദ്ധതി ആദ്യം ആരംഭിക്കുന്നതെന്നും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ മരുന്നുകള്‍ മണ്ണിലേക്കോ ജലാശയങ്ങളിലേക്കോ അശ്രദ്ധമായി വലിച്ചെറിയുമ്പോള്‍ അത് ആന്റിമൈക്രോബയല്‍ പ്രതിരോധം, ആരോഗ്യ പ്രശ്‌നങ്ങള്‍, പരിസ്ഥിതി മലിനീകരണം എന്നിവയ്ക്ക് കാരണമാകും.
ഇത്തരം മരുന്നുകള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും മതിയായ സംവിധാനങ്ങളൊന്നും നിലവില്‍ ഇല്ലാത്തതിനാല്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പാണ് ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്തത്. ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കും