തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ്. എന്നാൽ ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി.