തേക്കുമ്പോള്‍ വെള്ളം പോലെ, വായയില്‍ പൊള്ളല്‍ അനുഭവപ്പെടുന്നു; തൃശൂരില്‍ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍ !
ജില്ലയില്‍ പലയിടത്തേക്കും ഈ വ്യാജന്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്
തൃശൂര്‍ കൈപമംഗലത്ത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മിച്ച് കടകളില്‍ എത്തിച്ച ടൂത്ത് പേസ്റ്റ് പൊലീസ് പിടികൂടി.
മൂന്നുപീടികയിലെയും പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. ജില്ലയില്‍ പലയിടത്തേക്കും ഈ വ്യാജന്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്.ഐ. കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്.
2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്. കമ്പനി അധികൃതര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യാജ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവര്‍ക്ക് വായയില്‍ പൊള്ളല്‍ അടക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.