ചാത്തന്നൂർ: സിഗരറ്റു വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 3 കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പെടുത്ത 61 നോട്ടുകളും പിടിച്ചെടുത്തു. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്തു വീട്ടിൽ സുനി എന്ന 39 കാരണാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളിൽ സിഗരറ്റു വാങ്ങിയ ശേഷം 500 ന്റെ നോട്ടു നൽകിയപ്പോഴാണ് പിടിയിലായത്. ആദ്യം ഇയാൾ മീനാട് പാലത്തിനടുത്തുള്ള ഒരു കടയിൽ ഒരു കവർ സിഗരറ്റു വാങ്ങിയ ശേഷം 500 ന്റെ കള്ളനോട്ട് നൽകി ബാക്കി വാങ്ങി. മറ്റൊരു കടയിലും ചെറിയ തുകയ്ക്കുള്ള സാധനം വാങ്ങി കള്ളനോട്ട് നൽകി കബളിപ്പിച്ചു.
എന്നാൽ ഇതിനിടെ ആദ്യ കടയിലെ ഉടമക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് ചാത്തന്നൂർ പോലീസിലും പരിസര കടകളിലും വിവരം അറിയിച്ചു. ഇതിനിടെയാണ് സുനി ക്ഷേത്രത്തിനടുത്തുള്ള കടയിൽ സമാനമായ രീതിയിൽ സാധനം വാങ്ങി കള്ളനോട്ട് മാറാൻ ശ്രമിക്കവേ പോലീസും ആളുകളും വരുന്നത് കണ്ടു കൈയിലിരുന്ന നോട്ട് വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
പരിശോധനയിലാണ് സുനിയുടെ ബാഗിൽ നിന്ന് ഒരു വശം മാത്രം ഫോട്ടോസ്റ്റാറ്റ് എടുത്ത 500 രൂപയുടെ 61 കള്ളനോട്ടുകൾ കണ്ടെടുത്തത്. പ്രത്യേക പേപ്പറിൽ നോട്ടിന്റെ രണ്ട് വശങ്ങളും ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം വിദഗ്ധമായി ഒട്ടിച്ചെടുത്തതാണ് ഇയാൾ കബളിപ്പിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യവേ ഇയാൾക്കൊപ്പം മറ്റുള്ളവരും ചേർന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സമ്മതിച്ചതായി ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.