Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം: സിപിഎം

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം: സിപിഎം
തിരുവനന്തപുരം , വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (12:33 IST)
തിരുവനന്തപുരം: പ്രഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ ചിന്താഗതിയിലേക്കെത്തിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലാണ് സംസ്ഥാനത്തിലെ വളരുന്ന വർഗീയതാ മനോഭാവത്തെ പറ്റി പരാമർശമുള്ളത്. 
 
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നൽകിയിരുന്നു. ഇതിലെ ന്യൂനപക്ഷ വർഗീയത എന്ന തലക്കെട്ടിന് കീഴിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ  തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുവെന്നും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നുമുള്ള പരാമർശമുള്ളത്.
 
സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള അരക്ഷിതാവസ്ഥ മുതലെടുക്കാൻ തീവ്രവാദ രാഷ്ടീയക്കാർ മുസ്ലീം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും  ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നും കുറിപ്പിൽ പറയുന്നു.
 
പൊതുവേ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം വർഗീയതയിലേക്ക് പോകുന്നുവെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ക്ഷേത്രക്കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംഘപരിവാർ സ്വാധീനം വർധിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേര്‍ പിടിയില്‍