പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണയുണ്ടായത്. എന്നാല്‍ 2 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനവും ഇത്തവണ പൊതുവിദ്യാലയങ്ങള്‍ ഉണ്ടായിയെന്നും വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ഈ വര്‍ഷം അത് 2,34,476 പേരായി ചുരുങ്ങി. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് അധികമായി ചേര്‍ന്നത്. 29 ലക്ഷം കുട്ടികളാണ് 2 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കായി പൊതുവിദ്യഭ്യാസത്തെ ആശ്രയിക്കുന്നത്. സംസ്ഥാനത്തെ ജനനനിരക്കില്‍ വന്ന കുറവാണ് ഒന്നാം ക്ലാസ് അഡ്മിഷനില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം.
ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2020ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനനനിരക്ക്. 2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളായിരുന്നു. 15.75 ആയിരുന്നു 2010ലെ ജനനനിരക്കെന്നും മന്ത്രി പറഞ്ഞു.