ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയ ഓണം പൂക്കളത്തിനെതിരായ എഫ്ഐആര്‍: സൈനികരെ അപമാനിക്കുന്നതാണെന്ന് ബിജെപി
സംസ്ഥാന പോലീസ് ഫയല്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
കൊല്ലം ജില്ലയിലെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാന പോലീസ് ഫയല്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ശാസ്താംകോട്ടയിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് പുറത്ത് നിര്‍മ്മിച്ച ഒരു പൂക്കളത്തില്‍ 'ആര്‍എസ്എസ് പതാകയുടെ ചിത്രവും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും എഴുതിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
'ഇത് കേരളമാണ്. ഇത് ഇന്ത്യയുടെ അഭിമാനകരമായ ഭാഗമാണ്. എന്നിട്ടും, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നെഴുതിയ ഒരു പൂക്കളം നിര്‍മ്മിച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് തികച്ചും തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ എഴുതി. കൂടാതെ കേരള പോലീസിന്റെ ഈ എഫ്ഐആര്‍ ഭീകരതയുടെ ഇരകളായ 26 പേരെയും അവരുടെ കുടുംബങ്ങളെയും, രക്തം നല്‍കി ഇന്ത്യയെ പ്രതിരോധിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണന്നും അദ്ദേഹം എഴുതി.
അതേസമയം എഫ്ഐആറില്‍ പറയുന്നതനുസരിച്ച്, പ്രതികളായ ആര്‍എസ്എസ് അനുഭാവികളും മറ്റ് 25 ഓളം പേരും ക്ഷേത്രപരിസരത്ത് ഒരു കൊടിമരവും ഫ്‌ലെക്സ് ബോര്‍ഡുകളും സ്ഥാപിച്ച് രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ്. പ്രദേശത്ത് മുമ്പ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നതിനാല്‍, പൂക്കളങ്ങളില്‍ പാര്‍ട്ടി പതാകകളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് ഇരുവിഭാഗത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തുടക്കത്തില്‍ ഇരുവിഭാഗവും സമ്മതിച്ചിരുന്നെങ്കിലും, പിന്നീട് പൂക്കളത്തില്‍ ഒരു ആര്‍എസ്എസ് പതാക കണ്ടെത്തിയതാണ് കേസ് എടുക്കാന്‍ കാരണം. കലാപത്തിന് പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.