Publish Date: Wed, 05 May 2021 (11:09 IST)
Updated Date: Wed, 05 May 2021 (11:12 IST)
എടിഎമ്മില്‍ പെട്രോളൊഴിച്ച് തീകത്തിച്ച പൂഞ്ഞാര്‍ സ്വദേശി അറസ്റ്റില്‍. കൊച്ചി പൂഞ്ഞാര്‍ പനച്ചിപ്പാറ കല്ലാടിയില്‍ സുബിന്‍ സുകുമാരനാണ് അറസ്റ്റിലായത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിലെ എടിഎമ്മിനാണ് ഇയാള്‍ തീയിട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ സുബിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. കുസാറ്റ് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.
കളമശേരി പോലീസാണ് സുബിനെ അറസ്റ്റുചെയ്തത്. എടിഎമ്മിനുള്ള തീ ഉയരുന്നത് കണ്ടപ്പോള്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് സുബിന്‍ പൊട്രോള്‍ കൊണ്ട് കയറി തീയിടുന്നത് കാണുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യജ സന്ദേശം നല്‍കിയതിന് ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.