മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗതയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലൂടെ കേരളം മുഴുവൻ ചർച്ചയായ പേരാണ് വഫ ഫിറോസ്. ശ്രീറാമിന്റെ സുഹൃത്തായ വഫയുടെ കാറിടിച്ചാണ് ബഷീർ മരിച്ചത്. കാർ ഓടിച്ചിരുന്നത് ശ്രീറാം ആയിരുന്നു. ശ്രീറാമിനൊപ്പം സംഭവം നടക്കുമ്പോൾ വഫയും കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് വഫക്ക് ഭർത്താവ് ഫിറോസ് വിവാഹ മോചന വക്കീൽ നോട്ടീസ് അയച്ചതായി സിറാജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‍ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കുമാണ് വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചത്.
ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കുടുംബകാര്യങ്ങളിൽ തീരുമാനം എടുക്കുക, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഫിറോസ് ഉന്നയിച്ചിരിക്കുന്നറ്റ്.
വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്തപ്പോഴൊക്കെ തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍.