കാറപകടം നടന്ന അന്നുരാത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന് ഒരു മണമുണ്ടായിരുന്നു എന്നും എന്നാല്‍ അത് മദ്യത്തിന്‍റെ മണമാണോ എന്നറിയില്ലെന്നും കാറില്‍ ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ്. ഏഷ്യാനെറ്റിന്‍റെ പോയിന്‍റ് ബ്ലാങ്കില്‍ സംസാരിക്കുമ്പോഴാണ് അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വഫ വെളിപ്പെടുത്തിയത്.
“ഞാന്‍ മൊഴിയില്‍ പറഞ്ഞതെല്ലാം സത്യമാണ്. രാത്രി ഒരുമണിക്ക് കവടിയാറില്‍ വന്ന് പിക് ചെയ്യാനാണ് ശ്രീറാം പറഞ്ഞത്. ഷാര്‍പ്പ് ഒരു മണിക്ക് തന്നെയാണ് പിക് ചെയ്തത്. ശ്രീറാം വണ്ടി ഓടിച്ചത് നമ്മള്‍ രാത്രി ഡ്രൈവ് ചെയ്യുന്ന സ്പീഡുണ്ടല്ലോ, ആ സ്പീഡിലാണ്. ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ സ്പീഡുണ്ടായിരുന്നു. പുള്ളിക്കാരന്‍ വലിയ കോണ്‍ഫിഡന്‍റായിരുന്നു. ബ്രേക്ക് കിട്ടിക്കാണില്ല. ആരും അറിഞ്ഞുകൊണ്ട് ഒരാളെ ദ്രോഹിക്കുകയോ ഇടിച്ചിടുകയോ ചെയ്യില്ലല്ലോ” - വഫ വെളിപ്പെടുത്തി.
ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിനും അവ്യക്തമായ ഒരു ഉത്തരമാണ് വഫ നല്‍കുന്നത്. “എന്‍റെ ബ്രദറോ പപ്പയോ ഹസ്ബന്‍ഡോ കുടിക്കില്ല. അപ്പോള്‍ എനിക്ക് കുടിച്ചുകഴിഞ്ഞാല്‍ എന്താണ് മണം എന്നറിയില്ല. ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു അത് എന്ത് മണമാണെന്ന് റിപ്പോര്‍ട്ടുകളാണ് തെളിയിക്കുക” - വഫ പറയുന്നു.
“അപകടം നടന്നയുടന്‍ ഞാനും ശ്രീറാമും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. വണ്ടി എവിടെയോ ഇടിച്ചു എന്നുമാത്രമേ മനസിലായുള്ളൂ, ആരെ ഇടിച്ചെന്ന് മനസിലായില്ല. ശ്രീറാം ആണ് ആദ്യം ഇറങ്ങുന്നത്. ശ്രീറാം ചാടിയിറങ്ങിയ ഉടന്‍ തന്നെ അയാളെ പോയി തൂക്കിയെടുത്തു. എടുത്തിട്ട് കുറച്ചുനേരം വച്ചോണ്ടുനിന്നു. എല്ലാവരുടെയടുത്തും വിളിച്ചുപറയുന്നുണ്ടായിരുന്നു ‘രക്ഷിക്കൂ രക്ഷിക്കൂ...’ എന്ന്. അപ്പോഴേക്കും ഒരുപാട് ആളുകള്‍ വന്നു. എന്‍റെ സൈഡിലെ ഡോര്‍ അല്‍പ്പം ജാമായിരുന്നു. പിന്നീട് ഞാനും എങ്ങനെയോ ചാടിയിറങ്ങി. പുള്ളിക്കാരനെ അപ്പോഴേക്കും ശ്രീറാം താഴെ തറയില്‍ കിടത്തി. ഞാനും ശ്രീറാമും ഓരോ ആള്‍ക്കാരുടെ അടുത്തും പോയി ചോദിച്ചു, ഒന്ന് രക്ഷിക്കണം എന്ന്. ഈ മനുഷ്യനെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണം എന്ന്. ചുറ്റും കൂടി നിന്ന ഓരോരുത്തരുടെ അടുത്തും പോയി ഞാന്‍ ചോദിച്ചു. പക്ഷേ ആരും എടുക്കാന്‍ തയ്യാറായില്ല. ഒരു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മാത്രമേ കാര്യമുള്ളൂ എന്ന് അവര്‍ പറഞ്ഞു. സംഭവം നടന്ന് അഞ്ചുമിനിറ്റിനുള്ളില്‍ പൊലീസും വന്നു. ആംബുലന്‍സ് വരുന്നതുവരെ എല്ലാവരും കാത്തിരുന്നു, ആരും എടുത്തില്ല. ഞങ്ങളുടെ കയ്യില്‍ നിന്ന് പറ്റിയ ഒരബദ്ധമല്ലേ. ഇനി നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അഞ്ചുസെക്കന്‍റ് മുമ്പെങ്കിലും ആശുപത്രിയില്‍ കൊണ്ടുചെന്നെത്തിച്ചതുകൊണ്ട് രക്ഷപ്പെട്ട സംഭവങ്ങളില്ലേ. എന്‍റെ വണ്ടിയില്‍ കയറ്റാന്‍ നോക്കി ശ്രീറാം. പക്ഷേ, ആ വണ്ടി പോകില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞു. അതിന്‍റെ ടയര്‍ രണ്ടും പോയിരുന്നു. അങ്ങനെയാണ് ആംബുലന്‍സ് വരുന്നതുവരെ വെയിറ്റ് ചെയ്യേണ്ടിവന്നത്” - വഫ പറയുന്നു.
“ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ഈ യുവതിയെ വിട്ടേക്കൂ, ഇവര്‍ ഒന്നും ചെയ്തില്ലല്ലോ എന്ന് പൊലീസിനോട് ശ്രീറാം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഫോണില്‍ നിന്നുതന്നെ ഒരു യൂബര്‍ വിളിച്ച് ഫോണ്‍ എന്‍റെ കൈയില്‍ തന്നു. ഞാന്‍ ആണ് ഓട്ടോ സെലക്ട് ചെയ്തത്. ഓട്ടോ അപ്പോള്‍ തന്നെ വന്നു. അങ്ങനെ ഞാന്‍ പോവുകയാണ് ചെയ്തത്” - വഫ വെളിപ്പെടുത്തി.