ആലുവ: കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും അഭയം തേടിയ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് അപകടം. 70 ഓളം ആളുകൾ രക്ഷ തേടിയ ആലുവ അത്താണിയിലെ സെന്റ് സേവിയേഴ്സ് പണ്ണിയുടെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഏഴു പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് കൂടുതൽ കേന്ദ്ര സംഘം രക്ഷാ പ്രവർത്തനങ്ങൾക്കായി സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേ സമയം ആലുവയിലും കൊച്ചിയിലുമായി ഊർജ്ജിതമായ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുന്നത്.
ഇടുക്കി ഡാമിലെ ജല നിരപ്പ് സംഭരണ ശേഷിയോടടുക്കുന്ന സാഹചര്യത്തിൽ ഏതു നിമിഷവും കൂടുതൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാവും. ഇതിനു മുൻപായി കുടുങ്ങി കിടക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് രക്ഷാ പ്രവർത്തകർ.