കലിതുള്ളി കാലവർഷം; കോഴിക്കോട് ഉരുൾപൊട്ടലിൽ 6 പേർ മരിച്ചു, 13 പേരെ കാണാതായി- മഴ 4 ദിവസം കൂടി തുടരും
കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമായി ദുരന്തനിവാരണ സേന
Publish Date: Thu, 14 Jun 2018 (18:22 IST)
Updated Date: Thu, 14 Jun 2018 (18:24 IST)
കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ മൂന്നു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. നിരവധിപേരെ കാണാതായി.
താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. കട്ടിപ്പാറയിലാണ് കനത്തനാശങ്ങൾ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്, പാലക്കാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നു.
മഴ ശക്തമായതോടെ താമരശേരി ചുരത്തിലും വൻഗതാഗതക്കുരുക്കാണുള്ളത്. വയനാട് - കോഴിക്കോട് ഗതാഗതം തടസമായി. പുല്ലൂരാംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.