പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോണ്‍സണ്‍ മാവുങ്കല്‍ നാട്ടുകാരെ പറ്റിച്ചത് വിദഗ്ധമായി. യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ യൂദാസിന് പ്രതിഫലമായി ലഭിച്ച മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം തന്റെ കൈയിലുണ്ടെന്നാണ് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നത്. മോശയുടെ അംശവടി, യേശുദേവന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം തുടങ്ങിയ വസ്തുക്കളാണ് തന്റെ കൈവശമുള്ളതെന്നാണ് മോണ്‍സണ്‍ പറഞ്ഞിരുന്നത്.
കൊച്ചി കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് മോണ്‍സണ്‍. മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ഉണ്ട്. ഈ വസ്തുക്കളെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോണ്‍സണില്‍ നിന്നു പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരി നിര്‍മിച്ചു നല്‍കിയതാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ.സോജന്‍ പറഞ്ഞു.