സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്ക്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഉന്നതരുടെ ഇടപെടലുകളുണ്ടെന്നും സൂചനകള്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി പ്രശാന്തന്‍ കാണിക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
ഏറ്റവും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ വീഴ്‌ചകളുണ്ടെന്നും സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസിന്‍റെ നീക്കങ്ങള്‍ തെറ്റായ വഴിക്കായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.
ലൈംഗിക അതിക്രമത്തിനായി സ്വാമി സമീപിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ എല്ലാവരുടെയും മൊഴികള്‍ രേഖപ്പെടുത്തുകയും പെണ്‍കുട്ടി മൊഴി മാറ്റിപ്പറയുകയും ചെയ്‌തതോടെ കേസ് സങ്കീര്‍ണമായി. 2017 മെയ് 19ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.