Publish Date: Mon, 31 Jan 2022 (17:26 IST)
Updated Date: Mon, 31 Jan 2022 (17:28 IST)
തൃശൂർ: കൊടകരയിൽ അഞ്ചുകോടിയോളം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. ഇതിനൊപ്പം ഇത് കൊണ്ടുപോയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിൻ (33), പൊന്നാനി സ്വദേശി സലിം (37) എന്നിവരാണ് അറസ്റ്റിലായത്.
ടെമ്പോ ലോറിയിൽ കടത്തുകയായിരുന്ന 200 പാക്കറ്റുകളിലായി സൂക്ഷിച്ച 460 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് കടലാസു കെട്ടുകൾക്കിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു.
ചാലക്കുടി ഡി.വൈ.എസ്.പി യുടെ സംഘവും കൊടകര സി.ഐ യുടെയും നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടന്നത്. ഷാഹിൻ മൂന്നു വർഷം മുമ്പ് പച്ചക്കറി വ്യാപാരിയിൽ നിന്ന് പണം കവർന്ന കേസിലെ പ്രതിയാണെന്നും പോലീസ് വെളിപ്പെടുത്തി.