ദളിത് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടഞ്ഞിട്ടില്ല, പ്രകോപനമില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു: ഗീതാനന്ദന്‍
വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍
Publish Date: Mon, 09 Apr 2018 (11:07 IST)
Updated Date: Mon, 09 Apr 2018 (11:10 IST)
സംസ്ഥാന വ്യാപകമായി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും പ്രകോപനങ്ങള്‍ ഒന്നും കൂടാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ വ്യക്തമാക്കി.
പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നെന്നും ഗീതാനന്ദന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ഹൈക്കോടതി പരിസരത്തെ വാഹനങ്ങള്‍ തടഞ്ഞതിനാണ് ഗീതാനന്ദനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങൾ തടയാൻ ശ്രമമുണ്ടായി.
ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്.