തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധങ്ങളുടെ ചുരുളഴിയുന്നു.ദേശീയ അന്വേഷണ ഏജൻസി നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്‌നയും സന്ദീപും സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല . എൻഐഎ കസ്റ്റഡി തീര്‍ന്ന ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും കസ്റ്റംസ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും സന്ദീപും സ്വപ്‌നയും വെളിപ്പെടുത്തിയെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം.ഇതിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കം ഉണ്ടെന്നാണ് വിവരം,.മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്ന സാഹചര്യമുണ്ടായാൽ ഒരു പക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരികയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നുണ്ട്.
അതിനിടെ കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ഉണ്ട്.സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായെങ്കിലും ഇതുവരെയും പ്രതികരണങ്ങൾക്കൊന്നും ശിവശങ്കരൻ തയ്യാറായിട്ടില്ല.