നയതന്ത്ര പഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിരവധി ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. പിടിയിലായവാർക്ക് ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണം എത്തിയ്ക്കുന്നതിനായുള്ള പണം ഓരോ ഹവാല സംഘവും സ്വന്തം നെറ്റ്‌വർക്കുകൾ വഴി ദുബായിൽ ഫൈസാൽ ഫരീദിന് എത്തിച്ചു നൽകുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിയ്ക്കുന്നത്.
സംസ്ഥാനത്ത് എത്തിച്ച സ്വർണം നേരിട്ടും അല്ലാതെയും വിൽപ്പന നടത്തിയതായി പ്രതികളുടെ മൊഴികളിൽനിന്നും വ്യക്തമായിട്ടുണ്ട്. കടത്തിയ സ്വർണ്ണത്തിന്റെ ഏറിയ പങ്കും കേരളത്തിന് പുറത്തേയ്ക്കാണ് വിറ്റഴിച്ചത്. 20 ലധികം ഹവാല സംഘങ്ങൾ സ്വർണക്കടത്തിൽ കണ്ണി ചേർന്നിരിയ്ക്കാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതുവരെ പിടിയ്ക്കപ്പെട്ട ഓരോരുത്തരും സ്വർണക്കടത്തിനായി കോടികളാണ് മുടക്കിയത്. ഇത് ഹവാല ഇടപാടുകാരിൽ നിന്നും സംഘടിപ്പിച്ചതാകാം.
വിമാനത്താവളത്തിൽനിന്നും സരിത്ത് എത്തിയ്ക്കുന്ന സ്വർണം സന്ദീപ് നായർ കെടി റമീസിനെ ഏൽപ്പിയ്ക്കുകയാണ് ചെയ്തിരുന്നത്. റമീസ് ഇത് പിടി അബ്ദു, മുഹമ്മദി ഷാഫി, സെയ്തലവി. ജലാൽ മുഹമ്മദ് എന്നിവർക്ക് നൽകും. ഇവരാണ് മറ്റു ഇടപാടുകാർക്ക് സ്വർണം പങ്കിട്ടുനൽകിയിരുന്നത്. ഇതിൽ പി ടി അബ്ദു ഒഴികെ മറ്റുള്ളവർക്ക് ലഭിച്ച സ്വർണം ആർക്കാണ് കൈമാറിയത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പി ടി അബ്ദു വഴി വിൽപ്പനനടത്തിയ 78 കിലോ സ്വർണം ആരിലേയ്ക്കാണ് എത്തിച്ചേർന്നത് എന്നതിൽ വ്യക്തതയില്ല.