Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gopan Swami Tomb Opening: ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു; മൃതദേഹം ഇരിക്കുന്ന നിലയില്‍ !

കല്ലറ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു

Gopan Swami Tomb Opening

രേണുക വേണു

, വ്യാഴം, 16 ജനുവരി 2025 (08:24 IST)
Gopan Swami Tomb Opening

Gopan Swami Tomb Opening: നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന വിവാദ കല്ലറ പൊലീസ് തുറന്നു. തിരുവനന്തപുരം സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. 
 
കല്ലറ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചു. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കല്ലറ തുറന്നപ്പോള്‍ കണ്ടത്. വീട്ടുകാര്‍ അവകാശപ്പെടുന്നതു പോലെ സമാധി ഇരുത്തിയതിന്റെ ലക്ഷണങ്ങളാണ് കല്ലറ തുറന്നപ്പോള്‍ കണ്ടത്. മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലായിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഫൊറന്‍സിക് സംഘം സ്ഥലത്തുണ്ട്. ഗോപന്റെ മൃതദേഹം തന്നെയാണ് കല്ലറയിലേതെന്നാണ് പ്രാഥമിക നിഗമനം. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലാണ്. 
 
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു. കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലകൊണ്ടു. കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഗോപന്‍ എങ്ങനെ മരിച്ചു? മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ?' എന്നീ ചോദ്യങ്ങളാണ് കോടതി ഗോപന്‍ സ്വാമിയുടെ കുടുംബത്തോടു ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് പോലും കോടതി പറഞ്ഞു. കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ തന്നെ കല്ലറ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 
 
പ്രായാധിക്യത്താല്‍ രോഗാതുരനായി മരണശയ്യയിലായിരുന്ന ഗോപന്‍ 'സ്വര്‍ഗവാതില്‍ ഏകാദശി'യായ ജനുവരി ഒന്‍പതിനു സമാധിയാകുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തങ്ങള്‍ അത് പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നും കുടുംബം അവകാശപ്പെടുന്നു. മത സ്വാതന്ത്ര്യത്തിനും മതപരമായ ചടങ്ങുകളോടെ മൃതദേഹം സംസ്‌കാരിക്കാനും തങ്ങള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കുടുംബം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gopan Swami Death Case Kerala: വിവാദ 'കല്ലറ' തുറക്കുന്നു; ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍